ഓമൈക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 15 മുതല്‍ വിദേശ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകനയോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.ഈ മാസം 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു വ്യോമയാന മന്ത്രാലയം അറിയിച്ചത്. ആഗോള സാഹചര്യം കണക്കിലെടുത്ത് എല്ലാവരുമായി കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഉചിതമായ തീരുമാനം യഥാസമയം അറിയിക്കുമെന്ന് ഡിജിസിഎ അറിയിച്ചു.

വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചിരുന്നു. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ വൈകിയത് രോഗവ്യാപനം തീവ്രമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

സർവീസുകൾ പുനഃരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചത് അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ടിക്കറ്റ് എടുത്തിരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *