കോഴിക്കോട്: വാതിലിന്റെ പൂട്ട് തകർത്ത് ഐ.ടി ജീവനക്കാർ താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചു കയറി ഐഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. തഞ്ചാവൂർ സ്വദേശി മുരുകാനന്ദൻ (29), വെസ്റ്റ്ഹിൽ അത്താണിക്കൽ സ്വദേശി മുഹമ്മദ് റാഫി (56) എന്നിവരെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ വെസ്റ്റ്ഹിൽ ചുങ്കത്തെ അലങ്കാർ ഹോട്ടലിന് സമീപമുള്ള വാടകവീട്ടിലായിരുന്നു സംഭവം. ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് മോഷ്ടാക്കൾ നാല് ഐഫോണുകൾ കവർന്നത്.
മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട വീട്ടിലെ താമസക്കാർ തന്നെ പ്രതികളെ തടഞ്ഞുവെക്കുകയും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
അറസ്റ്റിലായ മുരുകാനന്ദൻ സമാനമായ നിരവധി കളവുകേസുകളിൽ നേരത്തെയും പ്രതിയായിട്ടുണ്ട്. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ.മാരായ സഹദ്, ടി.വി. പ്രജുകുമാർ, ജയദാസ്, സിവിൽ പോലീസ് ഓഫീസർ ബൈജു നടുവണ്ണൂർ, ഹോം ഗാർഡ് മുരളീധരൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
