കോയമ്പത്തൂർ: നഗരത്തെ നടുക്കിയ സംഭവത്തിൽ, തിരുനെൽവേലി സ്വദേശിയായ എസ്. ബാലമുരുഗൻ (32) ഭാര്യ ശ്രീപ്രിയയെ (30) വനിതാ ഹോസ്റ്റലിലെത്തി വെട്ടിക്കൊലപ്പെടുത്തി. കൊലപാതക ശേഷം മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത പ്രതി, ഈ ചിത്രം ‘വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്ന കുറിപ്പോടെ വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ കോയമ്പത്തൂർ ഗാന്ധിപുരത്തിന് സമീപമുള്ള വർക്കിങ് വിമൻസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് കൊലപാതകത്തിന് പ്രധാന കാരണം എന്ന് പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുനെൽവേലി സ്വദേശികളായ ബാലമുരുഗനും ശ്രീപ്രിയയും ഏതാനും മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. നാലുമാസം മുൻപാണ് യുവതി ഭർത്താവിനെയും രണ്ട് കുട്ടികളെയും വിട്ട് കോയമ്പത്തൂരിലെത്തി ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ബാലമുരുഗൻ്റെ അകന്ന ബന്ധുവായ രാജ എന്നയാളുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നു. രാജയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഈ ബന്ധം ബാലമുരുഗൻ അറിഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.
ശനിയാഴ്ച കോയമ്പത്തൂരിലെത്തിയ ബാലമുരുഗൻ, രാജയുമായുള്ള ബന്ധം അവസാനിപ്പിച്ച് തിരികെ വരണമെന്ന് ശ്രീപ്രിയയോട് ആവശ്യപ്പെട്ടു. എന്നാൽ, ശ്രീപ്രിയ ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ചു. ഈ സംഭാഷണത്തിന് പിന്നാലെ, രാജ ശ്രീപ്രിയക്കൊപ്പമുള്ള സ്വകാര്യചിത്രം ബാലമുരുഗന് അയച്ചുകൊടുത്തു. ഈ ചിത്രം കണ്ടതോടെ രോഷാകുലനായ ബാലമുരുഗൻ ഞായറാഴ്ച രാവിലെ ശ്രീപ്രിയ താമസിച്ചിരുന്ന ഹോസ്റ്റലിലെത്തി. ചിത്രത്തെക്കുറിച്ച് ചോദ്യം ചെയ്തത് തർക്കമായി മാറുകയും, ഇതിനിടെ ബാഗിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ബാലമുരുഗൻ ശ്രീപ്രിയയെ വെട്ടിക്കൊല്ലുകയുമായിരുന്നു.
