മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബൂട്ടാ സിങ് രാജീവ് ഗാന്ധി മ്ന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു. എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ബൂട്ടാസിങ്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1962-ല്‍ മൂന്നാം ലോക്‌സഭയിലേക്ക് സാധ്‌ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനമടക്കമുള്ള നിരവധി പദവികള്‍ വഹിച്ചു. പഞ്ചാബി സാഹിത്യത്തേയും സിഖ് ചരിത്രത്തേയും കുറിച്ചുള്ള സമാഹാരവും സ്പീക്കിങ് സ്റ്റേറ്റ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. 1934 മാര്‍ച്ച് 21 ന് ജനിച്ച ബൂട്ടാ സിങ് രാജീവ് ഗാന്ധി മന്ത്രിസഭയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്. കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തനായിട്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ ബൂട്ടാ സിങ് അറിയപ്പെട്ടിരുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *