വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ വൻ അഴിച്ചുപണി വേണമെന്ന നിലപാടുമായി മുതിർന്ന നേതാവ് പി.ജെ. കുര്യൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെച്ച യുവത്വത്തിന് പ്രാധാന്യം നൽകുന്ന നയത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും താനുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇത്തവണ മാറിനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട് ഒരു ഡസനോളം ആളുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
ഇത്തവണ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ സാധ്യത കുറവാണെന്നും 50 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ മുൻകൂട്ടി നിശ്ചയിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്നും തിരഞ്ഞെടുപ്പിൽ ഭാഷയോ സൗന്ദര്യമോ അല്ല മാനദണ്ഡമാകേണ്ടതെന്നും കുര്യൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ആർക്കും ‘പെരുന്തച്ചൻ കോംപ്ലക്സ്’ പാടില്ലെന്നും ജയിക്കാൻ സാധ്യതയുള്ള യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി പരിഗണന നൽകുമെന്നും വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു വിഭാഗം മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ നിന്ന് റിട്ടയർ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഷ്ട്രീയത്തിൽ ആരും ത്യാഗികളല്ലെങ്കിലും തനിക്ക് ആവശ്യമെങ്കിൽ ത്യാഗിയാകാൻ മടിയില്ലെന്നും സതീശൻ തന്റെ മുഖ്യമന്ത്രി മോഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ മുന്നണിക്കുള്ളിലെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. നിലവിൽ 80 മുതൽ 85 സീറ്റുകളിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും എന്നാൽ നിയമസഭയിൽ 100-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെറും വാഗ്ദാനങ്ങൾ നൽകുന്നതിന് പകരം എൽഡിഎഫ് തകർത്ത കേരളത്തെ കരകയറ്റാൻ കൃത്യമായ ബദൽ മാർഗങ്ങൾ അവതരിപ്പിച്ചായിരിക്കും യുഡിഎഫ് വോട്ട് ചോദിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
