രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു (rajasthan thunderstorm). സംസ്ഥാനത്തുടനീളം ഇന്നലെ മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും (rajasthan Lightning) ഉണ്ടായതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ജോധ്പൂർ, ബിക്കാനീർ, അജ്‌മീർ, ജയ്‌പൂർ, ഭരത്പൂർ, ഉദയ്‌പൂർ ഡിവിഷനുകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയതായാണ് റിപ്പോർട്ട്.സവായ് മധോപൂരിലെ ചൗത് കാ ബർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചതായി പൊലീസ് അറിയിച്ചു. രാജേന്ദ്ര മീണ (30), ഭാര്യ ജലേബി മീണ (28) എന്നിവരാണ് മരിച്ചത്. ഇതേ ജില്ലയിലെ തന്നെ ബൗൺലി മേഖലയിൽ ആടുകളെ മേയ്ക്കാൻ പോയ യുവാവും ഇടിമിന്നലേറ്റ് മരിച്ചു.ബൗൺലിയിലെ നന്തോടി ഗ്രാമത്തിലെ ധനലാൽ മീണയാണ് മരിച്ചത്. ഇയാളുടെ 30 ആടുകളും മിന്നലേറ്റ് ചത്തു. ദൗസയിൽ സ്‌കൂൾ വിദ്യാർഥിയും ബൈക്ക് യാത്രികനായ യുവാവും മരിച്ചു. ജയ്‌പൂർ ജില്ലയിലെ ചക്‌സു തഹസിൽ ദേവ്ഗാവിൽ ഒരു സ്ത്രീയും ഇടിമിന്നലേറ്റ് മരിച്ചു.ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്‌ത്രീയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. പാടത്ത് കടുക് വിളവെടുക്കുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു സ്‌ത്രീ മരിച്ചു. കൂടെ ഉണ്ടായിരുന്ന സ്‌ത്രീയെ ജയ്‌പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.ടോങ്ക് ജില്ലയിൽ ഇടിമിന്നലേറ്റ് ആളുകൾ ബോധരഹിതരായി. പഞ്ചായത്ത് സമിതി ഓഫിസിലുണ്ടായിരുന്ന നാല് പേരാണ് ഇടിമിന്നലേറ്റ് ബോധരഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *