പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തെങ്ങോട് ഗവ. ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് സഹപാഠികള്‍ നായ്കുരണ പൊടി എറിഞ്ഞത്.അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും രണ്ട് അധ്യാപകര്‍ക്ക് എതിരെയുമാണ് വിദ്യാര്‍ത്ഥിനി പരാതി പറഞ്ഞത്. നായ്കുരണ പൊടി എറിയുന്നതിന് മുന്‍പ് ഇതേ വിദ്യാര്‍ത്ഥികള്‍ തന്നെ ഡെസ്‌ക്ക് ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പോലീസിനോട് പരാതി ഉന്നയിച്ചു. സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
മാര്‍ച്ച് 3ന് കേസ് രജസിറ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിനാല്‍ ഈ കുട്ടികളുടെ മൊഴിയെടുക്കുന്നതും മറ്റ് നടപടി ക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിലും ആശങ്കയുണ്ട്. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. മോഡല്‍ എക്‌സാം പോലും കുട്ടിക്ക് എഴുതാനായില്ല. ഇതു ചെയ്ത വിദ്യാര്‍ഥിനികളുടെ പേരില്‍ സ്‌കൂള്‍ അധികൃതരോ, പോലീസോ കൃത്യമായ നടപടി സ്വീകരിക്കാത്തത് പെണ്‍കുട്ടിക്കും കുടുംബത്തിനും പ്രയാസം ഇരട്ടിയാക്കി. മൂത്രാശയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലായ പെണ്‍കുട്ടിയെ, ഹാജരില്ലെങ്കില്‍ പരീക്ഷയെഴുതാനാവില്ലെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് ക്ലാസിലിരുത്താനുള്ള ശ്രമം നടന്നതായി കുട്ടിയുടെ അമ്മ ആരോപിച്ചു. ഫെബ്രുവരി മൂന്നിന് നടന്ന സംഭവത്തില്‍ 17-ന് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കെതിരേ കാര്യമായ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നതെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *