തിരുവനന്തപുരം: വിഴിഞ്ഞത്തും മുക്കോലയിലുമായി എക്‌സൈസ് സംഘം നടത്തിയ മിന്നൽ റെയ്ഡിൽ വൻ മദ്യശേഖരം പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി 148 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 74 ലിറ്റർ വിദേശമദ്യമാണ് അധികൃതർ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്നുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപം വാറുവിളാകം പുരയിടം കടയറവീട്ടിൽ റെജിന്റെ പക്കൽ നിന്ന് 32 ലിറ്റർ (64 കുപ്പികൾ) മദ്യം പിടികൂടി. ഇയാൾ മുൻപും അബ്കാരി കേസുകളിൽ പ്രതിയായിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ഇയാളെ പിടികൂടിയത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെ മുക്കോല ദേവന്നൂർക്കോണത്ത് നടത്തിയ പരിശോധനയിൽ ലിയോ, അരുൺ എന്നിവർ പിടിയിലായി. ഇവരിൽ നിന്ന് 42 ലിറ്റർ (84 കുപ്പികൾ) മദ്യമാണ് കണ്ടെടുത്തത്. നെയ്യാറ്റിൻകര സർക്കിൾ ഓഫീസും ഐ.ബി. യൂണിറ്റും സംയുക്തമായാണ് ഈ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *