കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് നട തുറക്കുന്നത് മുതൽ രാത്രി 9.30 വരെ ഭക്തർക്ക് മകം ദർശനം നടത്താം. വില്വമംഗലം സ്വാമിയാർക്ക് ദേവി സർവാഭരണ വിഭൂഷിതയായി ദർശനം നൽകിയതിന്റെ സ്മരണ പുതുക്കുന്നതാണ് ഈ പുണ്യദിനം. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക.
രാവിലെ വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു കൂടിയ മകം എഴുന്നള്ളിപ്പ്. ശേഷം ക്ഷേത്രാങ്കണത്തിൽ തിരിച്ചെഴുന്നള്ളി നിത്യച്ചടങ്ങുകൾക്കും ശ്രീഭൂതബലിക്കും ശേഷം അലങ്കാരത്തിനായി നട അടയ്ക്കും. ഉച്ചയ്ക്ക് 1.00ന് ചോറ്റാനിക്കര മുരളീധര മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം നടക്കും. ഉച്ചയ്ക്ക് 2.00ന് മകം തൊഴലിനായി നട തുറന്ന് രാത്രി 9.30 വരെ ദർശനം നടത്താം.
മകം നാളിൽ ദേവിക്ക് തങ്കഗോളകയും സ്വർണക്കിരീടവും വിശേഷാൽ സ്വർണാഭരണങ്ങളും ചാർത്തും. വരദാഭയ മുദ്രകളോടു കൂടിയ ഈ ദർശനം അതീവ പുണ്യകരമായാണ് ഭക്തർ കരുതുന്നത്. ശ്രീകോവിലിൽ നെയ്‌ത്തിരി ദീപങ്ങളുടെ പ്രഭയിൽ പുഷ്പാലങ്കാരങ്ങളോടെ ദേവി ഭക്തർക്ക് ദർശനം നൽകും. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂ സംവിധാനം. വെയിലിനെ പ്രതിരോധിക്കാൻ താൽക്കാലിക പന്തലുകളും ബാരിക്കേഡുകളും. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ 800 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു.
