കോഴിക്കോട്: നിരന്തരം അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ വയോധികയെ അയൽവാസി കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര അറക്കൽ മാളിയേക്കൽ സ്വദേശി പറമ്പിൽ പുഷ്പ(73)യ്ക്ക് നേരെയാണ് അയൽവാസിയായ ശ്രീജിത്ത്(43) ക്രൂരമായ ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ആക്രമണത്തിൽ പുഷ്പയുടെ തലയ്ക്കും കഴുത്തിനും കൈയ്ക്കും ആഴത്തിൽ മുറിവേറ്റു. നിലവിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ. പ്രതി ശ്രീജിത്ത് തന്നെ നിരന്തരം അസഭ്യം വിളിക്കുന്നത് പുഷ്പ മുൻപ് ചോദ്യം ചെയ്തിരുന്നു, ഇതിലുള്ള പകയാണ് വധശ്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.

സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *