മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണ് അതെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ പ്രസിദ്ധീകരണത്തില്‍ അങ്ങനെ ഒരു വാചകം ഉപയോഗിച്ചിട്ടുണ്ടോ?. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ്.
ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി പത്തുവര്‍ഷം ഭരിക്കാന്‍ അവസരം കിട്ടുന്ന ഫലമാണ് വരാനിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തീകരിച്ചപ്പോള്‍ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലാണ് തുടര്‍ഭരണ സാധ്യത ആദ്യം പ്രവചിച്ചത്. ഇത് യുഡിഎഫ് ക്യാമ്പിനെയും ബിജെപിയെയും ജാഗരൂകരാക്കി. അതിന് ശേഷം ഇടതുമുന്നണിക്ക് അത്തരമൊരു സാധ്യത ഉണ്ടാകാതിരിക്കണമെന്ന നിലയില്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തി വന്നതെന്ന് കോടിയേരി ആരോപിച്ചു.
ഇനി മല്‍സരിക്കാനില്ല എന്ന ഇപി ജയരാജന്റെ പ്രസ്താവനയെയും കോടിയേരി തള്ളി. ഇ പി ജയരാജന്‍റേത് വ്യക്തിപരമായ നിലപാടാണ്. എന്നാൽ പാർട്ടിയാണ് ഇക്കാര്യത്തിൽ എല്ലാം തീരുമാനം എടുക്കുക. ഐ ഫോണിൻ്റെ കാര്യം അന്വേഷണത്തിൽ തെളിഞ്ഞില്ലേ. വിനോദിനി ഉപയോഗിക്കുന്നത് വില കൊടുത്ത് വാങ്ങിയതാണ്. ആരോപണങ്ങൾ വന്നാൽ പകച്ച് വീട്ടിൽ പനി പിടിച്ചു കിടക്കാൻ ഞങ്ങളെ കിട്ടില്ല. ഇനിയും ആരോപണം വന്നേക്കാം. വന്നാൽ അതും നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
