കോഴിക്കോട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞചെയ്ത സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണം നടത്താനുള്ള ജനാധിപത്യപരമായ അവകാശത്തെ തടയുന്ന ബിജെപി നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ആക്രമണം ബിജെപിയുടെ രീതിയാണെന്നും ബിജെപി വേരുറപ്പിച്ചാൽ എത്ര മാത്രം ആപത്ത് എന്നതിന്റെ സൂചനയാണ് ഇതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ബിജെപി ജനാധിപത്യ മര്യാദ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാത്ത കോൺഗ്രസിന്റെ നിസ്സഹായാവസ്ഥ ദയനീയമാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് ഭരണം ശപിക്കപ്പെട്ട കാലമായിരുന്നുവെന്നും എൽഡിഎഫ് എപ്പോഴും ജനങ്ങളുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിധി ചരിത്രപരമായ ഒന്നായിരുന്നുവെന്നും ഇത്തവണയും സർവ്വേ റിപ്പോർട്ടുകളെക്കാൾ ജനവിധിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *