മലപ്പുറം പയ്യനാട് കുട്ടിപ്പാറയിൽ കുഴൽക്കിണർ തുരക്കാനായെത്തിയ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. അന്തർ സംസ്ഥാന തൊഴിലാളികളായ വിക്കി, ശശിപാൽ എന്നിവർക്കും പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമൻ, ചന്ദ്രൻ, വിജേഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടൂരിലേക്ക് കുഴൽക്കിണർ കുഴിക്കാൻ പോകുന്നതിനിടെ കുട്ടിപ്പാറ കാരേപറമ്പ് വളവിൽ വെച്ചാണ് മഞ്ചേരി ബോർവെൽ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ലോറി അപകടത്തിൽപ്പെട്ടത്.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശി രാജീവിനെ (42) കാണാതായത് സ്ഥലത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഡ്രൈവർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന നിഗമനത്തിൽ അഗ്നിശമന സേനയും പോലീസും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

അപകടം നടന്ന ഉടനെ ഡ്രൈവർ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ പരിക്കേറ്റവർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *