കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതി പിണറായി വിജയന്‍. മുന്നണി സംവിധാനത്തിനപ്പുറം പിണറായി വിജയനെന്ന നേതാവിന്റെ വലിയ വിജയമാണ് നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായത്. 40 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. അവസാനഘട്ട വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് 99 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. പത്തുജില്ലകളില്‍ വ്യക്തമായ ഭൂരിപക്ഷമാണ് ഇടതുപക്ഷ മുന്നണി നേടിയത്. യുഡിഎഫിന് 41 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിക്ക് സംസ്ഥാനത്തുണ്ടായിരുന്ന ഏക സിറ്റിംഗ് മണ്ഡലമായ നേമം നഷ്ടപ്പെടുകയും ചെയ്തു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 3062 വോട്ടുകള്‍ക്ക് തവനൂരില്‍ മന്ത്രി കെ.ടി. ജലീല്‍ യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെ പരാജയപ്പെടുത്തി. പാലക്കാട് ബിജെപിയുടെ ഇ. ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തി. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിലിന്റെ വിജയം. അഴീക്കോട് മണ്ഡലത്തില്‍ ലീഗിന്റെ കെ.എം ഷാജിയെ കെ.വി സുമേഷ് പരാജയപ്പെടുത്തി. നേമത്ത് കുമ്മനം രാജശേഖരനെ നേടി മിന്നുംവിജയത്തിലൂടെ എല്‍ഡി.എഫിന്റെ വി. ശിവന്‍കുട്ടി തോല്‍പ്പിച്ചു. ആവേശപ്പോരാട്ടം നടന്ന തൃത്താലയില്‍ വി.ടി ബല്‍റാമിനെ എം.ബി. രാജേഷ് പരാജയപ്പെടുത്തി. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ പരാജയപ്പെടുത്തി മുന്‍ മന്ത്രി കെ. ബാബു വിജയിച്ചു.
കോഴിക്കോട് സൗത്തില്‍ ഇടതുമുന്നണിയുടെ അഹമ്മദ് ദേവര്‍കോവിലും തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥി ലിന്റോ ജോസഫും ജയിച്ചു. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തി കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരും പി.വി. അന്‍വര്‍ നിലമ്പൂരും നിലനിര്‍ത്തി. ധര്‍മടത്ത് പിണറായി വിജയന്‍, മട്ടന്നൂരില്‍ കെ.കെ ശൈലജ ടീച്ചര്‍, കല്യാശേരിയില്‍ എം. വിജിന്‍, തളിപ്പറമ്പില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പയ്യന്നൂരില്‍ ടി.വി മധുസൂദനന്‍, തലേശരിയില്‍ എ.എന്‍ ഷംസീര്‍, കൂത്തുപറമ്പില്‍ കെ.പി മോഹനന്‍ എന്നിവരും വിജയിച്ചു. കല്‍പ്പറ്റയില്‍ ടി. സിദ്ദീഖ്, വടകരയില്‍ കെ.കെ രമ, കൊച്ചിയില്‍ കെ.ജെ മാക്‌സി, ഇരിങ്ങാലക്കുടയില്‍ ഡോ. ബിന്ദു, തൃത്താല, ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി എന്നിവരും ജയിച്ചു.തുടര്‍ഭരണം എന്നത് സ്വപ്‌നമാക്കി മുന്നോട്ട് നീങ്ങുമ്പോള്‍ രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന എതിരാളികളെ പോലും അമ്പരിപ്പിച്ചു. എന്നാല്‍ ആ പരീക്ഷണവും ജനങ്ങള്‍ ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന് കരുതിയവരെയും മത്സരരംഗത്ത് ഇറക്കി. പാര്‍ട്ടി പ്രവര്‍ത്തികരില്‍ നിന്ന് പോലും ഉയര്‍ന്ന പരസ്യമായ എതിര്‍പ്പുകളെ തന്ത്രപൂര്‍വ്വം മെരുക്കി. യുവനിരയെ ജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടു.
ഓഖി, രണ്ട് പ്രളയം, നിപ, കൊവിഡ് മഹാമാരികള്‍ക്കും ദുരിതങ്ങള്‍ക്കും മുന്നില്‍ പതറാതെ നിന്ന് ജനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു പിണറായി വിജയന്‍.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വളഞ്ഞിട്ട് പിടിക്കാന്‍ ശ്രമിച്ചിട്ടും കുലുങ്ങാതെ നിന്നു പിണറായി വിജയന്‍.തന്റെ ഓഫീസ് പോലും ആരോപണങ്ങളുടെ ശരശയ്യയില്‍ നിന്നപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല.ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെയും ബലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് അടിതെറ്റി. പെന്‍ഷനും കൊവിഡ് കാലത്തെ കിറ്റും ഇടതിന് വോട്ടായി. ഈ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇ.എം.സി.സി, ഇരട്ട വോട്ട് അടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. എന്നാല്‍ പിണറായി വിജയന്‍ 14 ജില്ലകളിലും പര്യടനം നടത്തി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചു. പിണറായി വിജയന്റെ പൊതുയോഗങ്ങളില്‍ ജനം ആര്‍ത്തിരമ്പി. കണ്ണേ കരളേയെന്നും സഖാവേയെന്നും പ്രായഭേദമില്ലാതെ അഭിവാദ്യം ചെയ്തു. പ്രീപോളിലും പോസ്റ്റ് പോള്‍ സര്‍വേകളിലും ഇടത് വിജയം പ്രവചിച്ചപ്പോഴും അമിതാഹ്ലാദമില്ലാതെ പിണറായി നിന്നു.
തെക്ക് മുതല്‍ വടക്ക് വരെ 11 ജില്ലകളില്‍ പിണറായി തരംഗം ആഞ്ഞടിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ രണ്ടാം വരവ് വൈകില്ല. നാളെയോ മറ്റന്നാളോ പിണറായി വിജയനും ആരോഗ്യമന്ത്രിയും സി.പി.ഐയിലെ ഒരു മന്ത്രിയും സത്യപ്രതിജ്ഞ ചെയ്‌തേക്കും.
