സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് രണ്ടാം തവണയും വിധി പറയാൻ മാറ്റി. സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവായിരുന്ന ശശി തരൂര്‍ എംപിയ്ക്ക് മേല്‍ കുറ്റം ചുമത്തുന്ന വിഷയത്തിലാണ് കോടതി ഇന്ന് വിധി പറയാനിരുന്നത്. ആത്മഹത്യാ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം. എന്നാല്‍, തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്നുമാണ് തരൂരിന്റെ വാദം. തനിക്കെതിരേ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ തെളിവില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് ഒട്ടേറെ വിദഗ്ധ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥകാരണം കണ്ടെത്താനായിട്ടില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥാപിക്കാന്‍ വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല. സുനന്ദയുടെ യഥാര്‍ഥ മരണകാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടോ തെളിവോ ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും തരൂര്‍ നേരത്തേയും കോടതിയില്‍ നിലപാട് എടുത്തിരുന്നു. ശശി തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വികാസ് പഹ്വയാണ് കോടതിയില്‍ ഹാജറായത്.
