ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം. ‘സേവ് ലക്ഷദ്വീപ് ഫോറം’ ഭാരവാഹികള്‍ അഡ്മിനിസ്‌ട്രേറ്ററുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടികളുമായി ഭരണകൂടം വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ രാത്രി കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. പഞ്ചായത്ത് പദ്ധതി പ്രകാരം ആരംഭിക്കുന്ന മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എന്‍ജിന്‍ സര്‍വീസ് കേന്ദ്രം, കരകൗശല നിര്‍മ്മാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങളാണ് ഇന്നലെ രാത്രി പൊളിച്ചു നീക്കിയത്.
കളക്ടര്‍ എസ്. അസ്‌കര്‍ അലിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. വന്‍ പോലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതികള്‍ കൊണ്ടുവന്നത്. ഇതില്‍ കെട്ടിട നിര്‍മ്മാണത്തിനായി ഇതിനകം 35 ലക്ഷം രൂപയോളം ചെലവാക്കി കഴിഞ്ഞിരുന്നു. കെട്ടിടങ്ങളുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയായിരുന്നു. അതിനിടെയാണ് കളക്ടറുടെ നേതൃത്വത്തില്‍ ഇത് പൊളിച്ചു നീക്കിയത്.
അഡ്മിനിസ്‌ട്രേറ്ററും പഞ്ചായത്തുകളുമായി ഉണ്ടായിരുന്ന ഒളിയുദ്ധമാണ് ഇതോടെ മറനീക്കി പുറത്തു വരുന്നത്. ഒരു തുറന്ന യുദ്ധത്തിലേക്കാണ് ലക്ഷദീപിലെ കാര്യങ്ങള്‍ നീങ്ങുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് കവരത്തി ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നു.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വാടകയ്ക്ക് എടുത്തായിരുന്നു പഞ്ചായത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പൊതുസ്ഥലത്തല്ല നിര്‍മ്മാണം എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഈ നടപടി ധിക്കാരവും കടന്നുകയറ്റവുമാണ്.
പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും ഇവര്‍ പറയുന്നു. തികച്ചും ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം ഏകാധിപത്യ രീതിയിലാണ് ലക്ഷദ്വീപിലെ കാര്യങ്ങള്‍ പോകുന്നതെന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ നിയമപരമായ നീക്കം നടത്താനാണ് ലക്ഷദ്വീപ് നിവാസികള്‍ ലക്ഷ്യമിടുന്നത്.
ലക്ഷദ്വീപില്‍ കഴിഞ്ഞ ദിവസം എത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ‘സേവ് ലക്ഷദ്വീപ് ഫോറം’ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിയമ പരിഷ്‌ക്കരങ്ങളിലെ ജനങ്ങളുടെ എതിര്‍പ്പും ബുദ്ധിമുട്ടുകളും അഡ്മിനിസ്‌ട്രേറ്ററെ എസ്.എല്‍.എഫ്. നേതാക്കള്‍ അറിയിച്ചു. ദ്വീപില്‍ സമരം ആരംഭിച്ച ശേഷം ഇതാദ്യമായിരുന്നു പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുന്നത്. സമരങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിലും തന്റെ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന സൂചനയാണ് അന്നും അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കിരിക്കുന്ന വിഷയങ്ങളില്‍ താനുമായി ഒരു ചര്‍ച്ചയക്കും സാധ്യതയില്ല എന്നായിരുന്നു അന്നത്തെ മറുപടി. അതുകൊണ്ടുതന്നെ നിവാസികളുടെ പ്രതിഷേധങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരു സാധ്യതയും ഇല്ല എന്ന സൂചനയാണ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയതും. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടികളുമായി ഭരണകൂടം മുന്നോട്ടു വരുന്നത്.