കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുളള അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ. കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാതെയാണ് അപേക്ഷ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ ജാൻസെൻ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ പഠനത്തിന് ഇന്ത്യയുടെ അനുമതി തേടിയിരുന്നതായി ഏപ്രിലിൽ യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചുരുന്നു. ജാൻസെൻ വാക്സിൻ എടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് യുഎസിൽ ആ സമയത്ത് പരീക്ഷണം നിർത്തി വെച്ചിരുന്നു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യ നിയമപ്രശ്നങ്ങൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് വാക്സിൻ നിർമാതാക്കളുടെ പിന്മാറ്റമെന്നും സൂചനകളുണ്ട്. വാക്സിൻ നിർമാതാക്കളുമായി ചർച്ച നടത്തുന്നതിനായി കഴിഞ്ഞ ആഴ്ച ഒരു സംഘത്തെ നിയോഗിച്ചിരുന്നതായി ആരോഗ്യ സഹ മന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ പറഞ്ഞു.