പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ‘മോക്ക് പാര്‍ലമെന്റ്’ നടത്താനൊരുങ്ങി പ്രതിപക്ഷം. ഒരു ബില്ലിന് പിറകേ മറ്റൊന്നായി തുടരെ കേന്ദ്രം ബില്ലുകള്‍ പാസ്സാക്കികൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ ശബ്ദം ജനങ്ങളിലേക്കെത്താന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നടപടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പറഞ്ഞ പ്രതിപക്ഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രതിഷേധങ്ങള്‍ മൂലം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടിരുന്നു.
വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍ സാധ്യമായ 107 മണിക്കൂറില്‍ 18 മണിക്കൂര്‍ മാത്രമാണ് പാര്‍ലമെന്റ് പ്രവര്‍ത്തിച്ചിട്ടുളളത്. തന്മൂലം നികുതിദായകര്‍ക്കുണ്ടാകുന്ന നഷ്ടം 133 കോടിയാണെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. 89 മണിക്കൂര്‍ ജോലി സമയമാണ് പാഴായിപ്പോയത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചിരുന്നില്ല. സഭ നിര്‍ത്തിവെക്കുന്നതുവരെ പ്രതിഷേധം തുടര്‍ന്നിരുന്നു.