മങ്കി പോക്സ് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പൂനെവാല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദാര്‍ പുനെവാലയുടെ പ്രതികരണം.

ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും സ്ഥിതിഗതികള്‍ പരസ്പരം വിലയിരുത്തിയെന്നും അദാര്‍ പൂനാവാല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മങ്കി പോക്‌സ് വാക്‌സിനായുള്ള ഗവേഷണം തുടരുകയാണെന്നും, എത്രയും വേഗം അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മങ്കി പോക്‌സ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ബോധവത്കരണമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തില്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രി വിശദീകരിച്ചു.

മങ്കി പോക്‌സ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം നിലവില്‍ രാജ്യത്ത് ഇല്ല. എങ്കിലും മങ്കി പോക്‌സ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള സന്നദ്ധത ഐ സി എം ആര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി മുന്നോട്ട് പോവുകയാണെന്നും ഇതിനായി വിവിധ കമ്പനികളില്‍ നിന്നും താത്പര്യ പത്രങ്ങള്‍ ക്ഷണിച്ചതായും കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *