തിരുവനന്തപുരം: നിയമസഭയിൽ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ഡപ്യൂട്ടി ലൈബ്രേറിയൻ വി.ജുനൈസ് (46) ആണ് വേദിയിൽ നൃത്തം ചെയ്യുന്നതിനെ മരിച്ചത്. വയനാട് ബത്തേരി സ്വദേശിയായിരുന്നു ജുനൈസ്.
പതിനൊന്നു പേരുടെ സംഘം നൃത്തം ചെയ്യുന്നതിനിടെ ജുനൈസ് പെട്ടെന്ന് കൈകൊണ്ട് നെറ്റിയിൽ താങ്ങി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. ആശുപത്രിയിലെത്തിച്ച് 5 മിനിറ്റിനുള്ളിൽ മരിച്ചതായി സഹപ്രവർത്തകർ പറഞ്ഞു.
കായിക പ്രേമിയായിരുന്നു ജുനൈസ്. ദിവസവും രാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഓടാനും വ്യായാമം ചെയ്യാനും എത്തുമായിരുന്നു. ഒരു മാസം മുൻപ് നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയിരുന്നതായി അടുത്ത ബന്ധു പറഞ്ഞു.
ഓണാഘോഷത്തിലെ അത്തപ്പൂക്കള മത്സരത്തിൽ ജുനൈസ് പങ്കെടുത്ത ടീമിനായിരുന്നു മൂന്നാം സ്ഥാനം. ഇതിനു ശേഷം നടന്ന വടംവലി മത്സരത്തിൽ ജുനൈസിന്റെ ടീം ഒന്നാം സ്ഥാനം നേടി. സ്പീക്കർ എ.എൻ.ഷംസീറാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.
ജീവനക്കാർക്കൊപ്പം ഓണസദ്യ കഴിച്ച ശേഷം സ്പീക്കർ മടങ്ങി. തുടർന്നാണ് കലാപരിപാടികൾ ആരംഭിച്ചത്. ജുനൈസിന്റെ മരണത്തെത്തുടർന്ന് പരിപാടികൾ നിർത്തിവച്ചു. 2011 ലാണ് കാറ്റലോഗ് അസിസ്റ്റന്റായി ജുനൈസ് നിയമസഭാ ലൈബ്രറിയിലെത്തിയത്. മുൻപ് ഐഎച്ച്ആർഡിയിൽ ലൈബ്രേറിയനായിരുന്നു പി.വി.അൻവർ എംഎൽഎയുടെ മുൻ പിഎയാണ്. നന്തൻകോട്ടുള്ള ഹരിഹർ നഗർ ഗവ.ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.
