ആലപ്പുഴയിലെ കുതിരപ്പന്തിയിൽ മരുമകളെ അമ്മായിയമ്മ കുത്തിപ്പരിക്കേൽപ്പിച്ചു. കുതിരപ്പന്തി സ്വദേശിനി ഫാത്തിമയ്ക്കാണ് കുത്തേറ്റത്. അമ്മായിയമ്മയായ മിനിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മിനിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന ഫാത്തിമയെ ഇന്നലെ രാത്രി വിളിച്ചുവരുത്തിയ ശേഷമാണ് മിനി ആക്രമിച്ചത്. തന്നെ കെട്ടിയിട്ടാണ് ആക്രമിച്ചതെന്ന് ഫാത്തിമ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ മിനിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ മിനിക്കെതിരെ പോലീസ് സെക്ഷൻ 307 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കുടുംബപരമായ തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
