പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതി നല്‍കി ബി.ജെ.പി.ബുധനാഴ്ച മുംബൈയില്‍ വെച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയിൽ മമത ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചെന്നും ദേശീയഗാനം മുഴുവനും പാടി പൂര്‍ത്തിയാക്കിയില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാവ് പരാതി നല്‍കിയത്.

ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മമത ബംഗാള്‍ സംസ്‌കാരത്തേയും, ദേശീയ ഗാനത്തേയും, രവീന്ദ്ര നാഥ ടാഗോറിനേയും അപമാനിച്ചുവെന്ന് ബി.ജെ.പി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ദേശീയഗാനത്തിന്റെ ഏതാനും വരികള്‍ പാടിയ മമത ജയ് മഹാരാഷ്ട്ര എന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു.‘

ദേശീയതയുടെ ഏറ്റവും ശക്തമായ ആവിഷ്‌കാരമാണ് ദേശീയഗാനം. ഏറ്റവും ചെറിയ സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ളവര്‍ക്ക് പോലും ദേശീയ ഗാനത്തെ അപമാനിക്കാനാവില്ല. ബംഗാള്‍ മുഖ്യമന്ത്രി പാടിയത് നമ്മുടെ ദേശീയഗാനത്തിന്റെ വികൃതമായ പതിപ്പാണ്. ഇന്ത്യയുടെ പ്രതിപക്ഷത്തിന് അഭിമാനവും രാജ്യസ്നേഹവും ഇല്ലേ?,’ ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.
സംഭവത്തില്‍ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ല.അതേസമയം, കോൺഗ്രസ് നേതൃത്വം നൽകുന്ന യു പി എ സഖ്യം ഇപ്പോഴില്ലെന്നും അത് ചരിത്രമായെന്നും മമത ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. മുംബൈയിലെത്തി എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ട ശേഷമായിരുന്നു മമത കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്. ബിജെപിക്കെതിരായ ശക്തമായ ബദൽ രാജ്യത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നായിരുന്നു സന്ദർശനത്തെക്കുറിച്ച് പവാർ അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *