മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 16 ലക്ഷം രൂപയുടെ സ്വർണ്ണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തിൽ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റംഷാദ് (24) എന്നയാളാണ് പിടിയിലായത്.കാലിൽ ധരിച്ച സോക്സുകൾക്കകത്തും പാൻസിൻെറ സിപ്പിൻെറ സ്റ്റിച്ചിനകത്തും 300 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് റംഷാദ് ശ്രമിച്ചത്.

ഇന്ന് 8.30 മണിക്ക് ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് (6E 89) റംഷാദ് കാലികറ്റ് എയർപോർട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9.30 മണിയോടെ വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ റംഷാദിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ റംഷാദ് തന്നെ കൊണ്ട് പോവാൻ വന്ന ബന്ധുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിൻറിൽ വെച്ചാണ് റംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ റംഷാദ് വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പാൻറ്സിൻെറ സിപ്പിൻെറ ഭാഗത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചതിൽ ഇയാൾ ധരിച്ച സോക്സുകളിൽ തുന്നിപ്പിടിപ്പിച്ച രീതിയിൽ രണ്ട് പാക്കറ്റുകൾ കൂടി കണ്ടെത്തുകയായിരുന്നു. സ്വർണ്ണം സ്വീകരിക്കാൻ വീട്ടിൽ ആളുകൾ വരുമെന്നായിരുന്നു റംഷാദിനെ ദുബായിൽ നിന്നും സ്വർണ്ണം കൊടുത്തുവിട്ടവർ അറിയിച്ചിരുന്നത്.
അഭ്യന്തര വിപണിയിൽ 16 ലക്ഷത്തിലധികം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *