ബെംഗളൂരു: എഎസ്പിയായി ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ യുവ ഐപിഎസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ, 27 വയസുകാരന്‍ ഹര്‍ഷ് ബര്‍ദയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടെ ‘കിട്ടണെ’ എന്ന പ്രദേശത്തുവെച്ചായിരുന്നു അപകടം. മധ്യപ്രദേശ് സ്വദേശിയായ ഹര്‍ഷ് 2023ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. കര്‍ണാടകയിലെ ഹാസന്‍ എഎസ്പി ആയിട്ടായിരുന്നു ആദ്യ പോസ്റ്റിങ്ങ്. മൈസുരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം കഴിഞ്ഞ ശേഷം അങ്ങോട്ട് യാത്ര ചെയ്യവെയായിരുന്നു അപകടം ഉണ്ടായത്.
കോണ്‍സ്റ്റബിളായ മഞ്ചേ ഗൗഡ എന്ന ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞ ജീപ്പ് അടുത്തുള്ള വീടിന്റെ മതിലിലും മരത്തിലും ഇടിച്ചുനിന്നു. വാഹനത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ ഹര്‍ഷിനെ ഉടന്‍ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ആരോഗ്യനില ഗുരുതരമാകുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു.