കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഇതോടെ രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. രണ്ട് വാക്‌സിനുകളുടെയും പരീക്ഷണ ഫലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കിയതായും അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിന് അനുമതി നല്‍കുകയാണെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി. സൊമാനി വാര്‍ത്തസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിന്‍. രണ്ട് വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസങ്ങളില്‍ ശിപാര്‍ശ ചെയ്തിരുന്നു.

ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെയുള്ള കോവിഡ് മുന്നണിപ്പോരാളികള്‍ക്കാവും വാക്‌സിന്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോവാക്‌സിന്‍ ഒരു കോടി ഡോസുകള്‍ ഉപയോഗത്തിന് തയാറായതായി നിര്‍മാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് അറിയിച്ചിരുന്നു. കോവാക്‌സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. മൂന്നാംഘട്ട പരീക്ഷണം നവംബറില്‍ ആരംഭിച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനേക വാക്‌സിനായ കോവിഷീല്‍ഡിന്റെ നിര്‍മാതാക്കള്‍. വാക്‌സിന് അടിയന്തര അനുമതി നല്‍കാമെന്ന് വെള്ളിയാഴ്ചയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്. കൊവിഷീല്‍ഡ് അഞ്ച് കോടി ഡോസ് തയാറായെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്‌നിക്-അഞ്ച് എന്നീ വാക്സിനുകളും രാജ്യത്ത് അനുമതി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *