കോവാക്‌സിന്‍ വിതരണത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ മറുപടിയുമായി ഭാരത് ബയോ ടെക്. ആദ്യം മൂന്നാംഘട്ട പരീക്ഷണം നടത്തിയത് കോവാക്‌സിനാണെന്നും സുരക്ഷയും രോഗപ്രതിരോധ ഫലങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഭാരത് ബയോ ടെക് പറഞ്ഞു.
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നവംബര്‍ പകുതിയോടെ ആരംഭിച്ചിരുന്നു. ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ ആയിരത്തിലധികം വിഷയങ്ങളില്‍ വിലയിരുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ എല്ലാം കോവാക്‌സിന്‍ പാലിക്കുന്നതായും ഭാരത് ബയോടെക് വ്യക്തമാക്കി.
ഇന്ത്യയുടെ ശാസ്ത്രരംഗത്തെ നാഴികക്കല്ലാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍. ഐസിഎംആര്‍, എന്‍ഐവി, ഭാരത് ബയോടെക് എന്നിവ സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ശുപാര്‍ശയും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിയും ഭാരതത്തിലെ ശാസ്ത്രജ്ഞരുടെ കഴിവിനുള്ള അംഗീകാരമാണെന്നും ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ പറഞ്ഞു.
മൂന്നാംഘട്ട പരീക്ഷണം തുടരുന്ന കോവാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പരീക്ഷണം പൂര്‍ത്തയാകാത്ത വാക്‌സീന് അനുമതി നല്‍കിയത് അപക്വവും അപകടരവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ഇതിനെതിരെയാണ് ഭാരത് ബയോ ടെക് മറുപടിയുമായി രംഗത്ത് എത്തിയത്.