രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. 2007 ലോ അതിനു മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുന്നത്. കുത്തിവയ്പ്പ് എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്താകെ എട്ടു ലക്ഷത്തോളം കുട്ടികൾ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ട്.
ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് നൽകുക. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും. കോവിഡിന്റെ ഒമിക്രോൺ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.സംസ്ഥാനങ്ങളിലെല്ലാം കുട്ടികൾക്കുള്ള വാക്സിനേഷനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്സിനേഷനായി ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ഈ പ്രായത്തിലെ 15.34 ലക്ഷം പേർക്കു വാക്സീൻ നൽകാനാണു ലക്ഷ്യമിടുന്നത്. കുത്തിവയ്പ്പ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.