തമിഴ്‌നാട്ടില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും ജിം ട്രെയ്‌നറുമായ സുരേഷ് ഹരികൃഷ്ണന്‍ (38) ആണ് അറസ്റ്റിലായത്. ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിച്ചുകളയാകുകയിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീര്‍ത്തി രാജന്‍ (23), ഹരികൃഷ്ണന്‍ (32) എന്നിവരും പിടിയിലായി.

സുരേഷ് തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ഇതുകൊണ്ട് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് സുഹൃത്തായിരുന്ന അയനാവരം സ്വദേശിയും പിന്നീട് എന്നൂരിന് അടുത്തുള്ള എറണാവൂര്‍ സുനാമി സെറ്റില്‍മെന്റിലേക്ക് താമസം മാറുകയും ചെയ്ത ദില്ലിബാബുവിന്റെ കാര്യം സുരേഷിന് ഓര്‍മ വന്നു. ഇയാളെ കണ്ടെത്തിയ സുരേഷ് ദില്ലിബാബുവും അമ്മയുമായും പരിചയം പുതുക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇവരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനുമായി. സെപ്തംബര്‍ 13ന് മൂവരും ചേര്‍ന്ന് ദില്ലിബാബുവിനെ മദ്യപാനത്തിനായി പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.തുടര്‍ന്ന് ചെങ്കല്‍പ്പേട്ടിന് സമീപത്തെ ഒരു വിജനമായ സ്ഥലത്ത് ദില്ലിബാബുവിനെ എത്തിച്ച സംഘം, ഇവിടെ നേരത്തെ തന്നെ തയാറാക്കിയ ചെറിയ ഷെഡ്ഡിലേക്ക് കൊണ്ടുപോവുകയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. സെപ്തംബര്‍ 15ന് രാത്രി മദ്യപിച്ച് അവശനായിരുന്ന ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇവര്‍ ഷെഡ്ഡിന് തീയിട്ട് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് ദില്ലിബാബു വീട്ടിലേക്ക് തിരിച്ചെത്താതായതോടെ അമ്മ ലീലാവതി എന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ തിരോധാന പരാതി നല്‍കി. ഇതിനിടെ സുരേഷിനെ കാണാതായതോടെ തീപിടിത്തത്തില്‍ മരിച്ചതായി കുടുംബം കരുതി. അന്ത്യകര്‍മങ്ങളും ചെയ്തു.

സെപ്തംബര്‍ 16ന് ചെങ്കല്‍പ്പേട്ടിലെ പറമ്പിലെ തീപിടിച്ച ഷെഡ്ഡിനുള്ളില്‍ ഒരു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മരിച്ചത് സുരേഷാണെന്ന് പറഞ്ഞ് സഹോദരി മരിയജയശ്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് സുരേഷാണെന്ന് തിരിച്ചറിഞ്ഞെന്നും സഹോദരി മൃതദേഹം ഏറ്റുവാങ്ങിയതെന്നും ശവസംസ്‌കാരം നടത്തിയെന്നും പൊലീസ് പറഞ്ഞു.

ഇതോടെ ഇരുവരുടേയും ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുകയും സംഭവദിവസം ഇവരുടെ ഫോണ്‍ സിഗ്‌നലുകള്‍ കത്തനശിച്ച ഷെഡ്ഡിന് സമീപം സജീവമായിരുന്നെന്നും കണ്ടെത്തി. തുടര്‍ന്ന് സുരേഷിന്റെ ചില സുഹൃത്തുക്കളെ കണ്ടെത്തിയപ്പോള്‍ ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്നും കൊല്ലപ്പെട്ടത് ദില്ലി ബാബുവാണെന്നും മനസിലായി. തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന സുരേഷിനെയും സുഹൃത്തുക്കളായ കീര്‍ത്തി രാജനേയും ഹരികൃഷ്ണനെയും കണ്ടെത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *