തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ആന്റണി രാജുവിന് തടവ് ശിക്ഷ. മൂന്നുവർഷം തടവ് ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടെ, എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തിയിരുന്നു.കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നായിരുന്നു മുൻ മന്ത്രി ആന്റണി രാജു പറഞ്ഞത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. താൻ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
