തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചും പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ സ്പീക്കർ എ.എൻ. ഷംസീർ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പ്രതിപക്ഷത്തിന്റെ നടപടി ദൗർഭാഗ്യകരമാണെന്നും ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെട്ടുവെന്നും സ്പീക്കർ പറഞ്ഞു. ബാനറുകൾ കൊണ്ട് തന്റെ കാഴ്ച മറച്ച് തന്നെ അന്ധനെപ്പോലെയാക്കിയെന്നും ഇത് സഭാനടപടികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, വാച്ച് ആൻഡ് വാർഡുമാർ ബാനറുകൾ ബലമായി പിടിച്ചുമാറ്റി തങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. സ്പീക്കർ പ്രതിപക്ഷത്തെ കേൾക്കുന്നതിന് പകരം വെല്ലുവിളിക്കുകയാണെന്നും സതീശൻ ആരോപിച്ചു. എസ്.ഐ.ടിയുടെ പരാജയത്തിൽ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക് പോയി.

പ്രതിഷേധത്തിനിടെ ടി.വി. ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നീ എം.എൽ.എമാർ ഡയസിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്ക് കാരണമായി. വാച്ച് ആൻഡ് വാർഡ് ഇവരെ തടഞ്ഞതോടെ സഭയിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവൻകുട്ടിയും രംഗത്തെത്തി. മാധ്യമ ശ്രദ്ധ ലഭിക്കാനാണ് പ്രതിപക്ഷം അക്രമം കാട്ടുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു. “സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ” എന്ന പാരഡി ഗാനം സഭയിൽ പാടിക്കൊണ്ടാണ് മന്ത്രി ശിവൻകുട്ടി പ്രതിപക്ഷത്തെ നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *