അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യയുടെ ദീർഘകാലത്തെ ക്ഷമയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരാറിൽ തീരുമാനമായതിന് പിന്നാലെ ചൊവ്വാഴ്ച ചേർന്ന എൻഡിഎ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ വ്യാപാര തർക്കങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ സർക്കാരിന്റെ സുസ്ഥിരമായ നിലപാടുകൾക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർലമെന്റിലെത്തിയ പ്രധാനമന്ത്രിയെ നിറഞ്ഞ കരഘോഷത്തോടെയാണ് എംപിമാർ സ്വീകരിച്ചത്.

മാറിക്കൊണ്ടിരിക്കുന്ന ലോകക്രമം ഇന്ത്യയ്ക്ക് കൂടുതൽ ഗുണകരമാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കരാറിലൂടെ ആഭ്യന്തര ഉൽപ്പാദന മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കും. പാർലമെന്ററി നടപടികളിൽ എംപിമാർ സജീവമായി പങ്കെടുക്കണമെന്നും കേന്ദ്ര ബജറ്റിലെയും പുതിയ വ്യാപാര കരാറിലെയും നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഇന്ത്യക്കുമേൽ ചുമത്തിയ തീരുവ 18 ശതമാനമായി കുറച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. കൂടാതെ, ഊർജം, കാർഷികം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നിന്നായി 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *