ക്യാപ്റ്റൻ വിളിയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
”അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്പോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി” മാധ്യമങ്ങളോടാണ് പ്രതികരണം. പാര്‍ട്ടി അങ്ങനെയൊരു പദം ചാര്‍ത്തി തരില്ല. അങ്ങനെയൊരു വിളി പലയിടത്ത് നിന്നും കേള്‍ക്കുന്നുണ്ട്. അത് പൊതുവായി വന്നതായിട്ടാണ് കാണുന്നതെന്നും നേരത്തെ എം.വി.നികേഷ്‌കുമാറിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി വിശദീകരിച്ചിരുന്നു.
നേരത്തെ, പാർട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാർട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പാർട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘വിശേഷണങ്ങൾ നൽകുന്നത് വ്യക്തികളാണ്. അതുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടിക്ക് എല്ലാവരും സഖാക്കൾ ആണ്. തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി ആണ്, അല്ലാതെ മുഖ്യമന്ത്രി അല്ല’ – എന്നായിരുന്നു കോടിയേരിയുടെ വാക്കുകൾ.
