
ആലപ്പുഴ ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന സ്ത്രീയും സഹായിയും പിടിയിലായത് എക്സൈസിന്റെ രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിൽ. ചെന്നൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), സഹായി മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ കെ.ഫിറോസ് (26) എന്നിവരെ ഓമനപ്പുഴ ബീച്ചിനു സമീപമുള്ള റിസോർട്ടിൽ നിന്നാണു എക്സൈസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നായിരുന്നു വിവരം. കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചാണു പ്രവർത്തനമെന്നും മനസ്സിലാക്കിയ എക്സൈസ് , ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓമനപ്പുഴ കടപ്പുറത്ത് ഒരു റിസോർട്ടിൽ ലഹരി ഇടപാട് നടക്കുന്ന വിവരമറിഞ്ഞ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ എം.മഹേഷും സംഘവും പരിശോധന നടത്തിയിരുന്നു. നേരിയ അളവിൽ എംഡിഎംഎ പിടിച്ചെങ്കിലും പ്രതികളെ കിട്ടിയില്ല. എന്നാൽ ക്രിസ്റ്റീന ഇവിടേക്കു വരുന്നുണ്ടെന്ന നിർണായക വിവരം ലഭിച്ചു. സിനിമ തിരക്കഥാകൃത്ത് എന്നു പറഞ്ഞാണ് ഇവർ റിസോർട്ടിൽ മുറി ബുക്ക് ചെയ്തിരുന്നത്.രാത്രി 10.30ന് എറണാകുളത്തുനിന്നു റിസോർട്ടിൽ എത്തിയ ഇവരെയും വണ്ടി ഓടിച്ചിരുന്ന ഫിറോസിനെയും കാത്തിരുന്ന എക്സൈസ് സംഘം പിടികൂടി. കാറും തസ്‌ലിമയുടെ ബാഗും പരിശോധിച്ചപ്പോൾ നാല് പാക്കറ്റുകളാക്കി വച്ചിരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. നാലു പൊതികളായി പ്രത്യേക നമ്പറുകളിട്ടാണു ക്രിസ്റ്റീന ബാഗിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഈ സമയം ഭർത്താവും കുട്ടികളും ഒപ്പമുണ്ടായിരുന്നു. അവർക്ക് ഈ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണു പ്രാഥമിക സൂചന.