കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ച സംഭവം വിവാദത്തിൽ. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം നടന്നത്. കോട്ടയത്തേക്ക് പോയ ബസ് ഇന്നലെ രാവിലെ 11ഓടെ കൂത്താട്ടുകുളത്ത് എത്തിയപ്പോൾ നിർത്തി യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിച്ചതായാണ് പരാതി.

യാത്രക്കാരന്റെ മുഖത്ത് ഡ്രൈവർ പലതവണ അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില മറ്റ് യാത്രക്കാരും മർദനത്തിൽ പങ്കെടുത്തതായി ദൃശ്യങ്ങളിൽ കാണപ്പെടുന്നു. ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടക്ടറുടെ വിശദീകരണം.

മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്തിരുന്ന ആളാണ് ടിക്കറ്റിനായി കീറിയ 100 രൂപ നോട്ട് നൽകിയതെന്നും, അത് മാറ്റാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ തയ്യാറായില്ലെന്നും പറയുന്നു. ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ തയ്യാറാകാത്തതോടെ ബസ് നിർത്തിയശേഷം മർദിച്ചതായാണ് പരാതി.

അതേസമയം, മൂവാറ്റുപുഴയിൽ നിന്ന് കയറുന്ന യാത്രക്കാരന് ആദ്യ ഫെയർ സ്റ്റേജായ ആറൂർ ടോപ്പിന് മുൻപ് ടിക്കറ്റ് നൽകണമെന്നാണ് ചട്ടം. എന്നാൽ കൂത്താട്ടുകുളം എത്താറായപ്പോഴാണ് കണ്ടക്ടർ ടിക്കറ്റ് നൽകാൻ എത്തിയതെന്നുമാണ് പറയപ്പെടുന്നത്. സംഭവത്തെ തുടർന്ന്, യാത്രക്കാരൻ ടിക്കറ്റ് എടുക്കാത്തതുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഡിപ്പോയിലേക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വിവരം.

Leave a Reply

Your email address will not be published. Required fields are marked *