കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. അറസ്റ്റ് സമയത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡി ആവശ്യപ്പെടുന്നത്.

അതിക്രമം നടന്നുവെന്ന് പറയുന്ന കാരവൻ പോലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവരുടെ മൊഴികളാണ് കേസിൽ നിർണ്ണായകമാവുക. ഇതിനായി മുംബൈയിലുള്ള സിനിമാ പ്രവർത്തകരോട് ഉടനടി കൊച്ചിയിലെത്താൻ പോലീസ് നിർദ്ദേശം നൽകി. നടി കരഞ്ഞുകൊണ്ട് കാരവനിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ട സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് പോലീസ് മുൻഗണന നൽകുന്നത്.

രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും. നേരത്തെ ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനെത്തുടർന്ന് പുതിയ അഭിഭാഷകനാകും രഞ്ജിത്തിന് വേണ്ടി കോടതിയിലെത്തുക. ജനുവരി 19-ന് നടന്ന സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വരുംദിവസങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കും.

Leave a Reply

Your email address will not be published. Required fields are marked *