പത്തനംതിട്ട: ആരോഗ്യമന്ത്രിയും ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ വീണാ ജോർജിനെതിരെ അതിരൂക്ഷ സൈബർ ആക്രമണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് അശ്ലീല, വർഗീയ കമന്റുകൾ.
സംഭവത്തിൽ വീണാ ജോർജിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ഓമലൂർ ശങ്കരൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഇലക്ടറൽ ഓഫീസർക്കും പരാതി നൽകി. ഒരു വനിതാ മന്ത്രി എന്ന നിലയിൽ ഇത്രമാത്രം അധഃപ്പതിച്ച രീതിയിലുള്ള പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ല. ജനപ്രാതിനിധ്യ നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവും ഈ നീക്കങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്താനാണ് എൽഡിഎഫ് തീരുമാനം.
മന്ത്രി വീണാ ജോർജ് തന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോൾ, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്തുകയാണ്. സൈബർ ആക്രമണം അതിൻ്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമൻ്റുകളായി വരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണാ ജോർജ് പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ നിറയെ അശ്ലീലവും വർഗീയവും ലൈംഗിക ചുവയുള്ളതുമായ കമൻ്റുകളാണ് വരുന്നത്.
കമൻ്റ് വരുന്ന അക്കൗണ്ടുകളിൽ പലതും ഫേക്ക് അക്കൗണ്ടുകളാണ്. കമന്റുകൾക്ക് പിന്നിൽ കോൺഗ്രസ് – ലീഗ് പ്രവർത്തകരെന്നാണ് സിപിഐഎം ആരോപണം. നേരത്തെയും വീണാ ജോർജിന് സമൂഹമാധ്യമത്തിൽ ഇത്തരത്തിലുള്ള സൈബറാക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്
