കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരെ നിയമനടപടിയുമായി സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവനയ്ക്കെതിരെയാണ് സിപിഎം വക്കീൽ നോട്ടീസ് അയച്ചത്.
എൽഡിഎഫിനെയും സിപിഎമ്മിനെയും പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് പയ്യന്നൂരിലെ സിപിഎം ഓഫീസിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് പരാജയഭീതിയിൽ വിറളിപൂണ്ട സിപിഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രസ്താവന രാഷ്ട്രീയമായി വലിയ ചർച്ചയായതിന് പിന്നാലെയാണ് സിപിഎം നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
