ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജോഥ്പൂരില്‍ സംഘര്‍ഷം. രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പ്രദേശത്ത് കല്ലേറുമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മതചിഹ്നങ്ങള്‍ ഉള്ള പതാകകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആളുകള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിനിടെ നടന്ന കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതിനിടയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളും ജനക്കൂട്ടം പിഴുതെറിഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈദ് നമസ്‌കാരം പൊലീസ് സംരക്ഷണത്തിലാണ് നടത്തിയത്. ഇവിടെ മൂന്ന് ദിവസത്തെ പരശുരാം ജയന്തി ആഘോഷവും നടക്കുന്നുണ്ട്. രണ്ട് മതവിഭാഗങ്ങളും പലയിടത്തായി മതചിഹ്നങ്ങള്‍ ഉള്ള പതാകകള്‍ ഉയര്‍ത്തി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. എന്ത് വിലകൊടുത്തും പ്രദേശത്തെ ക്രമസമാധാനം പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *