കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ ഹൈദരാബാദ് ആസ്ഥാനമായ കമ്പനി പുറത്തുവിട്ടത്.

രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ കോവാക്സിൻ 93.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും പരീക്ഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചു കൊണ്ട് ഭാരത് ബയോടെക് പറഞ്ഞു.കോവിഡിന്റെ ഡെൽറ്റ വകഭേദമായ ബി.1.617.2 ന് എതിരെ കോവാക്സിൻ 65.2 ശതമാനം വരെ ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. നിലവിൽ ഇന്ത്യയിൽ രോഗ വ്യാപനത്തിന് കാരണമാകുന്ന വകഭേദമാണ് ഡെൽറ്റ വകഭേദം.

ഇന്ത്യയിലെ ഇരുപത്തഞ്ചോളം ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. 18 നും 98 നും ഇടയിൽ പ്രായമുള്ള 25,800 പേരിലാണ് പരീക്ഷണം നടത്തിയതെന്ന് ഭാരത് ബയോടെക് പറഞ്ഞു.

അതേസമയം, ഗർഭിണികൾക്ക് ഇനിമുതൽ കോവിഡ് -19 വാക്സിനേഷൻ ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്ററിൽ (സിവിസി) നേരിട്ടെത്തുകയോ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

രോഗപ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ട നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *