ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നീക്കങ്ങള്‍ ശക്തമാകുന്നതിന്റെ കൂടുതല്‍ സൂചനകള്‍ പുറത്ത്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച ശേഷം, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് യോഗം ചേരുകയായിരുന്നു. ഇതാണ് പുതിയ പ്രതിപക്ഷ മുന്നണി രൂപീകരിക്കപ്പെടുന്നതിന്റെ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുന്നത്.
ഒരു ‘മാതൃക പാര്‍ലമെന്റ്’ പുറത്ത് എങ്ങനെ സംഘടിപ്പിക്കാമെന്ന് നോക്കാമെന്ന് കൂടിയാണ് ഈ അനൗദ്യോഗിക യോഗത്തിന്റെ ലക്ഷ്യമെന്ന് വിവിധ നേതാക്കള്‍ പറഞ്ഞു.
പെഗാസസ്, കര്‍ഷക സമരം, കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്തുന്നത്. ഇതിനിടെയിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ യോഗവും നടന്നിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എന്‍.സി.പി നേതാവ് സുപ്രിയ സുലേ, ശിവ സേന നേതാവ് സഞ്ജയ് റാവത്ത്, ഡി.എം.കെ നേതാവ് കനിമൊഴി, സി.പി.ഐ.എം നേതാവ് എളമരം കരീം തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.
നമ്മുടെ രാജ്യത്തിനും നമ്മുടെ ജനങ്ങള്‍ക്കും മാത്രമാണ് ഇവിടെ പ്രഥമ പരിഗണനയെന്ന് യോഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. വളരെ സവിശേഷമായ ഒന്നാണ് നമ്മളിവിടെ കാണുന്നതെന്ന് ശശി തരൂരും ട്വീറ്റ് ചെയ്തു.
One priority- our country, our people.
— Rahul Gandhi (@RahulGandhi) August 3, 2021
एकमात्र प्राथमिकता- हमारा देश, हमारे देशवासी। pic.twitter.com/NkyfGaYRY8
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സൈക്കിള്‍ ചവിട്ടിയായിരുന്നു രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയത്. രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്, അതിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കാനുള്ള ഒരു മാര്‍ഗം സൈക്കിള്‍ ചവിട്ടലാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
2024ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. താന്‍ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ഈ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നതിന്റെ സൂചനയായിട്ടാണ് രാഹുലിന്റെ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്.