പെഗസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് നൂറുകണക്കിന് പേരുടെ ഫോൺ ചോർത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു.
ഫോൺ ചോർത്തൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. ചാരസോഫ്റ്റ്വെയർ കരാർ സംബന്ധിച്ച വിവരങ്ങളും ആരെയൊക്കെ ലക്ഷ്യമിട്ടെന്ന പട്ടികയും ലഭ്യമാക്കാൻ കേന്ദ്ര സർക്കാറിനോട് കോടതി ആവശ്യപ്പെടണമെന്നും ഹരജിയിൽ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ സർക്കാറോ അവയുടെ ഏജൻസികളോ ഇടപെടാതിരിക്കണം. സര്‍ക്കാര്‍ തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നുണ്ടോ എന്നും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അറിയാന്‍ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. പാർലമെന്റിലൂടെ ഇതിന് പ്രതിവിധി തേടാനുള്ള എല്ലാ അവസരവും തടയപ്പെട്ടുവെന്നും റിട്ട് ഹരജിയിൽ എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.
വിഷയം കോടതി വ്യാഴാഴ്ച പരിഗണിക്കും.