ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസില്‍ യുവാവ് ചെന്നൈയില്‍ പിടിയില്‍. ചെന്നൈ സ്വദേശിയായ മദന്‍ ആണ് പൊലീസ് പിടിയിലായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നാല് മാസം മുന്‍പാണ് പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ്ശെല്‍വിയും മദനും വിവാഹിതരായത്. ഒരു മാസം മുന്‍പ് യുവതിയെ കാണാതായി. വീട്ടുകാര്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്.

ആന്ധ്ര പ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നുകളഞ്ഞു എന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോണിയ പാലസിലേക്ക് മദനും തമിഴ്ശെല്‍വിയും ബൈക്കില്‍ വരുന്നതും പിന്നീട് ഇയാള്‍ മാത്രം തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതോടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വെള്ളച്ചാട്ടത്തില്‍ തളളിയെന്ന് മദന്‍ പറഞ്ഞു. സംഭവത്തില്‍ മദനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *