കോഴിക്കോട്:  ക്യാമ്പസിൽ എത്തുന്ന വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് എൻഐടി കാലിക്കറ്റ്. 37.2 കോടി രൂപയുടെ ഒരു അക്കാദമിക്  ബ്ലോക്ക് ആണ് സ്ഥാപനത്തിൽ നിലവിൽ വരുന്നത്.
 
ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മാർഗ്ഗനിർദേശങ്ങൾക്കനുസൃതമായി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിലവിൽ വരുന്നത്.

പുതിയ ബിരുദ-ബിരുദാനന്തര- ഡോക്ടറൽ പ്രോഗ്രാമുകൾ ആരംഭിക്കുകയും അതുപോലെ നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുകയും ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വർഷം മുതൽ പുതിയ ബിരുദാനന്തര പ്രോഗ്രാമുകളും ഇന്റഗ്രേറ്റഡ് ബി എസ് സി-ബിഎഡ് പ്രോഗ്രാമുകളും എൻഐടിസിയിൽ ആരംഭിക്കുന്നുണ്ട്. 

വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ ആധുനിക സൗകര്യങ്ങളും ക്ലാസ് മുറികളും ഒരുക്കാൻ വൻതോതിൽ ഉള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ആസൂത്രണം ചെയ്യുന്നതെന്ന് എൻഐടിസി ഡയറക്ടർ പ്രൊ. പ്രസാദ് കൃഷ്ണ പറഞ്ഞു. 285 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്യാമ്പസിൽ വരുന്ന എല്ലാ വികസന പദ്ധതികളും മാസ്റ്റർ പ്ലാൻ അനുസരിച്ച് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പുതുതായി നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിൽ 21 ക്ലാസ് മുറികളും അധ്യാപകർക്കായുള്ള 42 സിംഗിൾ റൂമുകളും 21 ഡബിൾ റൂമുകളും ഉണ്ടാകും. ഇതുകൂടാതെ ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സൗകര്യവും പുതിയ ബ്ലോക്കിൽ സ്ഥാപിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇ ഡബ്ല്യുഎസ് (സാമ്പത്തിക ദുർബല വിഭാഗം) പദ്ധതി പ്രകാരം ആണ് അക്കാദമിക് ബ്ലോക്കിനുള്ള 37.2 കോടി രൂപ അനുവദിച്ചിരിക്കുന്നത് എന്ന് പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം ഡീൻ ആയ ഡോ. പ്രിയ ചന്ദ്രൻ പറഞ്ഞു. 2024 ഡിസംബറിൽ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

പദ്ധതിപ്രകാരം 9073 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഏഴു നിലകളിലായാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. ക്ലാസ് മുറികൾക്കും ഫാക്കൽറ്റി റൂമുകൾക്കും പുറമേ 21 ലബോറട്ടറികളും ഈ കെട്ടിടത്തിൽ ഉണ്ടാകും.
അക്കാദമിക് ബ്ലോക്കിന് രണ്ട് ലിഫ്റ്റുകളും രണ്ട് പ്രധാന സ്റ്റെയർ കേസുകളും ഫയർ എസ്കേപ്പ് സ്റ്റെയർവേയും ഉണ്ടായിരിക്കുമെന്നും ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് നിർമ്മാണം പൂർത്തീകരിക്കുക എന്നും എൻഐടി കാലിക്കറ്റ് എൻജിനീയറിങ് യൂണിറ്റ് സൂപ്രണ്ടിംഗ് എൻജിനീയറുടെ ചുമതല വഹിക്കുന്ന സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറ് പ്രൊഫസറായ ഡോ. സജിത്ത് എ. എസ്. പറഞ്ഞു. നിർമ്മാണ പ്രവർത്തികൾ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചിട്ടുണ്ട് എന്നും നിർമ്മാണം പ്രാരംഭഘട്ടത്തിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *