ഒഡിഷയിലെ ബാലസോറിൽ സംഭവിച്ച ട്രെയിൻ അപകടത്തിൽ അറസ്റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സി ബി ഐ.
നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ അമീർ ഖാന്‍, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെ സിബിഐ ജൂലൈ ഏഴിന് അറസ്റ്റ് ചെയ്തിരുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 ഭാഗം II, 201, റെയിൽവേ നിയമത്തിലെ 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബഹനാഗ ബസാർ സ്റ്റേഷന് സമീപമുള്ള ലെവൽ ക്രോസ് ഗേറ്റ് നമ്പർ 94ലെ അറ്റകുറ്റപ്പണികളില്‍ പിഴവ് സംഭവിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 79ആം ലെവല്‍ ക്രോസിലെ സര്‍ക്യൂട്ട് ഡയഗ്രം ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. നിലവിലുള്ള സിഗ്നൽ, ഇന്റർലോക്ക് ഇൻസ്റ്റലേഷനുകളിൽ പരിശോധനയും മാറ്റങ്ങൾ വരുത്തലും അംഗീകൃത പ്ലാനിനും നിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കുക എന്നതായിരുന്നു പ്രതികളുടെ ചുമതലയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജൂൺ രണ്ടിന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾ അപകടത്തിൽ പെട്ട് 296 പേർ മരണപ്പെടുകയും 1,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *