ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘എക്സ്’ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ വിമർശനം.

“ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും എല്ലാ സംസ്ഥാനങ്ങൾക്കും മേലുള്ള ആക്രമണമാണ്” – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രം വെള്ളിയാഴ്ച ഒരു സമിതിയെ പ്രഖ്യാപിച്ചിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ, ലോക്സഭയുടെ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, പതിനഞ്ചാം സാമ്പത്തിക കമ്മിഷൻ മുൻ ചെയർമാൻ എൻ.കെ സിംഗ്, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *