ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് ബ്രിട്ടൻ. 350 ലൈസൻസുകളിൽ 30 എണ്ണം സസ്പെൻഡ് ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ഇസ്രയേൽ ലംഘിക്കുന്നുവെന്ന ആശങ്ക കാരണമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി അറിയിച്ചു.ആയുധ ഉപരോധമല്ല ഈ നടപടിയെന്ന് ഡേവിഡ് ലാമ്മി വ്യക്തമാക്കി. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും യുകെ വിദേശകാര്യ മന്ത്രി പറഞ്ഞു. സുരക്ഷയ്ക്കായി ഇസ്രയേലിന് സ്വയം പ്രതിരോധിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നതായി ലമ്മി പറഞ്ഞു. പക്ഷേ ഇസ്രയേൽ അവലംബിക്കുന്ന രീതികളെ കുറിച്ചും സാധാരണക്കാരുടെ ജീവൻ അപകടത്തിലാവുന്നതിനെ കുറിച്ചുമുള്ള റിപ്പോർട്ടുകളിൽ ആശങ്കയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി പാർലമെന്‍റിൽ പറഞ്ഞു. ജൂലൈയിൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ, ബ്രിട്ടന്‍റെ സഖ്യകക്ഷിയായ ഇസ്രായേലിനുള്ള ആയുധ വിൽപ്പന അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍റെ ആയുധ കയറ്റുമതി ഇസ്രായേലിന് ലഭിക്കുന്ന മൊത്തം ആയുധങ്ങളുടെ ഒരു ശതമാനത്തിൽ താഴെയാണെന്നും അതിനാൽ ഇസ്രയേലിന്‍റെ സുരക്ഷയെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു, സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്‍റെ അവകാശത്തെ ബ്രിട്ടൻ തുടർന്നും പിന്തുണയ്ക്കുമെന്നും അറിയിച്ചു. തീരുമാനം നിരാശാജനകമാണെന്നും ഹമാസിനും ഇറാനിലെ രക്ഷാധികാരികൾക്കും ‘വളരെ പ്രശ്‌നകരമായ സന്ദേശമാണ്’ നൽകുന്നതെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി കാറ്റ്‌സ് പ്രതികരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ – ഹമാസ് യുദ്ധം 10 മാസം പിന്നിടുമ്പോൾ ഗാസയില്‍ 40,476 പേർക്ക് ജീവൻ നഷ്ടമായി. ഭൂരിഭാഗവും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇതുവരെ 93,647 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *