ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. ലോക്ക്ഡൗണ്‍ ഫെബ്രുവരി പകുതിവരെ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനിതകമാറ്റം വന്ന കൊവിഡ് അതിവേഗത്തില്‍ പകരുന്നതായാണ് മനസിലാക്കുന്നതെന്നും നിര്‍ണ്ണായകമായ ഒരുവിഭാഗത്തിനെങ്കിലും വാക്സിന്‍ ലഭ്യമാക്കുന്നതുവരെ കനത്ത ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ കടുത്ത നിയന്ത്രണങ്ങള്‍ മുന്‍പും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടണില്‍ 80,000ലധികം പേരാണ് കൊവിഡ് രോഗബാധിതരായത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. ‘ലോകത്തിലെ പല രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തിനായി പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിനര്‍ഥം നമ്മള്‍ അതിനുമപ്പുറമുള്ള വഴികള്‍ തേടേണ്ടതുണ്ടെന്നാണ്. വൈറസിന്റെ ഈ പുതിയ വകഭേദത്തെയും നമ്മുക്ക് ഒറ്റക്കെട്ടായി നിയന്ത്രണത്തിലാക്കണം’. ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് സമാനമാണ് പുതിയ ലോക്ക്ഡൗണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *