കണ്ണൂർ മട്ടന്നൂരിൽ മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ്. സംഭവത്തിൽ ചാവശ്ശേരി സ്വദേശി മണിയെ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ നിന്നും അഞ്ച് ലിറ്റർ ചാരായവും 20 ലിറ്റർ കോടയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വീടിൻറെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് ചാരായം വാറ്റാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത്.
മട്ടന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ.എൽ.പേരേരയുടെ നിർദ്ദേശാനുസരണം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ.കെ.സാജൻ, പി.കെ.സജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ.രാഗിൽ, സി.വി.റിജുൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ജി.ദൃശ്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പത്തനംതിട്ടയിലും എക്സൈസ് വാറ്റ് ചാരായം പിടികൂടി. ചിറ്റാർ സീതത്തോട് നിന്നുമാണ് 20 ലിറ്റർ ചാരായവും വാറ്റ് 132 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടിയത്. സീതത്തോട് സ്വദേശിയായ ശശീന്ദ്രന്ററെ വീട്ടിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്. ഇയാളെ പ്രതി ചേർത്ത് അബ്‌കാരി കേസ് എടുത്തു.
ചിറ്റാർ എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) എം.ആർ.ഹരികുമാറും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. ഐബി പ്രിവന്റീവ് ഓഫീസർ രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിമിൽ.സി.എ, അഫ്സൽ നാസർ, അനീഷ് മോഹൻ.എസ്, ദിൽജിത്, പീയുഷ് സജീവ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശാലിനി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.