വാരണാസിയിൽ കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പോലും ഒരു വിദ്യാർത്ഥിക്ക് നിർഭയമായി നടക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി–ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്നുപേർ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ അക്രമി സംഘം തന്നെ കടന്നു പിടിക്കുകയും വായിൽ ചുംബിക്കുകയും ചെയ്തതായി വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു.

ഐഐടി-ബിഎച്ച്‌യുവിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ രജപുത്താന ഹോസ്റ്റലിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. കാമ്പസിന് പുറത്തുള്ളവരാണ് അക്രമികളെന്നും പുറമേനിന്നുള്ളവർ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഐഐടി, ബിഎച്ച്‌‍‌യു ക്യാംപസുകളെ വേർതിരിച്ചു പ്രത്യേക മതിൽ വേണമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിക്കുമെന്ന് വിദ്യാർത്ഥി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *