ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി വിജയം ഉറപ്പിച്ചു. തെലങ്കാനയിലെ ലീഡ് നില കോണ്‍ഗ്രസിന് വലിയ ആശ്വസമായി.

മദ്ധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന് പേടിച്ചിരുന്ന ബിജെപി വമ്പന്‍ ലീഡിലേക്കാണ് കടന്നുകൊണ്ടിരിക്കുന്നത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് മദ്ധ്യപ്രദേശില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതോടൊപ്പം രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്തതോടെ ബിജെപിയുടെ ആത്മവിശ്വാസം ചില്ലറയൊന്നുമല്ല ഉയര്‍ന്നത്. മദ്ധ്യപ്രദേശില്‍ 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 72 സീറ്റുകളില്‍ മാത്രം ഒതുങ്ങി.

രാജസ്ഥാനില്‍ തുടര്‍ഭരണം പ്രതീക്ഷിച്ച കോണ്‍ഗ്രസ് വോട്ടെണ്ണുമ്പോള്‍ ആകെ വിയര്‍ക്കുന്ന അവസ്ഥയാണുള്ളത്. 114 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റില്‍ ഒതുങ്ങി. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ‘അടി’ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നാണ് കരുതുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം ഉറപ്പിച്ചതോടെ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ‘മോദി മോദി’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നത്.

മൂന്ന് സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ കോണ്‍ഗ്രസിന് ആകെ ആശ്വാസമായത് തെലങ്കാന മാത്രമാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിആര്‍എസിനെ തകര്‍ത്ത് മുന്നേറുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോള്‍ 68 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് അധികാരത്തില്‍ തുടരുന്ന ബിആര്‍എസ് ആകട്ടെ 36 സീറ്റില്‍ ഒതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *